Tuesday 1 December 2015

ആ ഒരാള്‍ നീയായിരിക്കാം

ഇന്നും അയാൾ കത്തയച്ചിട്ടുണ്ട് 
അദൃശ്യൻ.
ഇത് ആദ്യത്തെ കത്തല്ല. എണ്ണം തിട്ടപ്പെടുത്താനാവില്ല.
ഒരുപാട് കത്തുകൾ. പക്ഷെ ഈ കത്ത് എന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയാണ്.

****


അന്ന് പതിവില്ലാതെ ആരോ വാതിലില്‍ മുട്ടിയിരുന്നു. ഒറ്റതവണ മാത്രം. ഇനി എനിക്ക് തോന്നിയതാവുമോ എന്ന് കരുതി, അലസമായി കിടക്കയില്‍ പാതി മയക്കത്തില്‍ കിടന്നു ചിന്തിച്ചു.

എന്നാലും, ആരാവും? ഈ നിശബ്ദതയില്‍ ആ ശബ്ദം! 
ആരെങ്കിലും വിരുന്നു വന്നതാവുമോ? സാധ്യതയില്ല, ആരും വരാനില്ലാ. എനിക്ക് വിരുന്നുകാരി ഞാന്‍ മാത്രമാണ്. 
എന്നാലും ശബ്ദം?
ചിലപ്പോള്‍ ജോര്‍ജ് വീണ്ടും കുടിച്ചു വന്നിട്ടുണ്ടാവാം. തൊട്ടു മുകളിലെ തന്റെ ഫ്ലാറ്റിലേക്ക് പോകും വഴി കാല്‍ വഴുതി എന്റെ കതകില്‍ ..ഏയ്...ഞാന്‍ എന്തിനാണിങ്ങനെ ചിന്തിച്ചു കൂട്ടുന്നത്‌.
ആരുമായികൊള്ളട്ടെ, എനിക്കറിയേണ്ട കാര്യമില്ലലോ. എനിക്ക് ഞാന്‍ മാത്രമേയുള്ളൂ. മറ്റാരും എന്റെ സിംപതിക്ക് അര്‍ഹരല്ല!

Go to hell!

ഉച്ചയായിട്ടുണ്ടാവും, വിശപ്പ്‌ വയറു കുത്തി നോവിച്ചത് കൊണ്ടാണ് ഉണര്‍ന്നത്. കണ്ണ് തിരുമി 
നിലത്തു വെച്ച കാലുകള്‍, രാത്രിയില്‍ പാതി പൂര്‍ത്തിയാക്കിയ പെയിന്റിങ്ങിലേക്കാണ് പതിച്ചത്. ഒരു നിമിഷം കാലുകളിലേക്ക് നോക്കി. ക്രിംസണ്‍ ചായം ചാലിച്ച് വരച്ച പൂക്കള്‍, മാംസം വറ്റി അസ്ഥി തെളിഞ്ഞ എന്റെ കാലുകള്‍...ഇതിലും ഭംഗിയുള്ള പെയിന്റിംഗ് ഞാന്‍ വരയ്ക്കാനില്ല. 

പാതി വരച്ച് തൃപ്തിയടഞ്ഞ ചിതറി കിടക്കുന്ന പെയിന്റിങ്ങുകള്‍ തട്ടി മാറ്റി അടുക്കളയിലേക്കു നടന്നപ്പോളാണു ശ്രദ്ധിച്ചത്.
രാവിലെ എന്റെ ഉറക്കം കെടുത്തിയ ആ മുട്ട്. അത് അതിഥി തന്നെയാണ്. പക്ഷെ അതിഥി ഒരു കടലാസാണ്. കതകിന്റെ വിടവിലൂടെ നുഴഞ്ഞു കയറിയ ആ ക്ഷണിക്കാത്ത അതിഥിയെ ഞാന്‍ കാലുകൊണ്ട്‌ തട്ടി നോക്കി. ആറായി മടക്കിയ കടലാസ് തന്നെയാണ്. 
അതായിരുന്നു അയാളുടെ ആദ്യത്തെ കത്ത്.

****

അയാള്‍ എന്റെ വാതില്‍ പടിയില്‍ ഉപേക്ഷിച്ചു പോയ ഒരു കത്തിനും ഞാന്‍ മറുപടി എഴുതിയിരുന്നില്ല. പക്ഷെ ഒരിക്കല്‍ ഞാന്‍ ഒരു ചോദ്യം, ഒരു ആവശ്യം അയാള്‍ക്കെഴുതി. പല രാത്രികളും പകലുകളും  അയാളെ കണ്ടെത്താനായി ഉറങ്ങാതെ കാത്തിരുന്നിട്ടുണ്ടെങ്കിലും ഞാന്‍ അയാള്‍ക്ക്‌ കത്തെഴുതിയ ആ രാത്രി അയാളുടെ വരവിനായി കാത്തിരികാതെ ഞാന്‍ സുഖമായി ഉറങ്ങി.
രണ്ടു ദിവസത്തിനു ശേഷം...മറുപടി കത്ത് എന്റെ കൈയ്യിലുണ്ട്.
പതിവ് പോലെ ഞാൻ ജനലരികില്‍ കസേര നീക്കിയിട്ടിരുന്നു, കത്ത് തുറന്നു വായിച്ചു.



" പ്രിയപെട്ടവളെ... എലിന്‍,
എനിക്ക് നിന്റെ ശരീരത്തെ പ്രാപിച്ചു പ്രണയിക്കണ്ട. ആ ജനലിലൂടെ ഞാന്‍ കാണുന്നുണ്ട് നിന്നെ. എനിക്ക് കേള്‍ക്കാന്‍ കഴിയാത്ത ഏതോ സംഗീതത്തിനു നീ ചുവടു വെയ്ക്കുന്നത്, കിടക്കയില്‍ ഇരുന്നു ചിത്രം വരയ്ക്കുന്നത്, കൈയ്യില്‍ മദ്യകുപ്പിയുമായി ബാല്‍കണിയില്‍ നിന്ന് ലോകതോടെന്ന പോലെ എന്തൊക്കെയോ പുലമ്പുന്നത്. ഞാന്‍ കാണുന്നുണ്ട് നിന്നെ.
നീയുള്ള ആ കാഴ്ചയെയാണ് ഞാന്‍ പ്രാപിക്കുന്നത്. നിന്റെ ഭ്രാന്തുകളാണ്  എനിക്ക് പ്രണയം. നമുക്ക് അദൃശ്യരായി തന്നെ ഇരിക്കാം. സ്നേഹം വാക്കുകളിലൂടെ പങ്കു വെയ്ക്കാം. ഒരിക്കല്‍ ഈ നാടുപെക്ഷിച്ചു ഞാന്‍ പോകും അന്നും എന്റെ ജനലിലൂടെ ഞാന്‍ കാണുന്ന നീ എന്ന ചിത്രം ഉള്ളില്‍ എന്നും പ്രണയമായി തന്നെ തുടരും. ഇതിലും പരിശുദ്ധമായൊരു പ്രണയം എനിക്ക് നല്‍കാനാവില്ല എലിന്‍.
സ്നേഹത്തോടെ."

അയാള്‍ എനിക്ക് പ്രിയപെട്ടവനായിരിക്കുന്നു. അയാളെ ഞാന്‍ പ്രണയിക്കുന്നുണ്ടോ എന്നത് സംശയമാണ്. പക്ഷെ അയാള്‍ എനിക്ക് ആരോ ആയി തീര്‍ന്നിക്കുന്നത് പോലെ.
ജനല്‍ പടയില്‍ കയൂന്നി, ഇളം കാറ്റ് കൊണ്ട് ഞാന്‍ ആ നൂറു ജനലുകളിലേക്ക് നോക്കി. പല ജീവിതങ്ങള്‍, അനങ്ങുന്ന  നിഴലുകള്‍, മുഖങ്ങള്‍... ചിലര്‍ ചിരിക്കുന്നു, ചിലര്‍ മുഖം തിരിക്കുന്നു...

ഒന്നുറപ്പ്, അവരില്‍ ഒരാള്‍ അയാളായിരിക്കാം.
ആ ഒരാള്‍ നീയായിരിക്കാം.


-ഉമാ ദേവു-




Friday 13 November 2015

യാത്ര തുടങ്ങുന്നു


ഈ നിലാ വെളിച്ചത്തിൻ ചുവട്ടിൽ
നഗ്നയായി ശയിച്ചു ഞാൻ 
നക്ഷത്രങ്ങൾ കാണ്‍കെ 

കവിൾ തഴുകി ഒഴുകിയ 
കണ്ണുനീർ തുള്ളികൾ 
ഒരു ഇലക്കുമ്പിളിൽ
നിനക്കായ് ഉതിർത്തു സൂക്ഷിക്കവേ 

നിഴലുപേക്ഷിച്ചു നടന്നകന്ന നിൻ
കാൽപാടുകൾ തേടി ഞാൻ 
യാത്ര തുടങ്ങുന്നു ദിക്കറിയാതെ 

-ഉമാ ദേവു-